
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൂട്ടാളിയും മുഖ്യ ആസൂത്രകനുമെന്ന് കരുതുന്ന ബംഗളൂരു സ്വദേശി കൽപേഷ്, സ്വർണം വേർതിരിച്ചെടുത്ത ഹൈദരാബാദിലെ സ്ഥാപന ഉടമ നാഗേഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഉടൻ പിടിയിലാകുമെന്നും സൂചനയുണ്ട്.
പോറ്റിയെ ചോദ്യം ചെയ്തതിലാണ് കൽപേഷാണ് മുഖ്യ ആസൂത്രകനെന്ന മൊഴി ലഭിച്ചത്. നിലവിൽ നിരീക്ഷണത്തിലുള്ള മുരാരി ബാബുവിനെ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തുടർന്ന് തെളിവെടുപ്പിനായി പ്രതികളെ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും.
പോറ്റിയുടെ വീട്ടിൽ നിർണായക തെളിവുകൾ:
പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പുളിമാത്തിലെ വീട്ടിൽ നടത്തിയ എട്ട് മണിക്കൂറിലധികം നീണ്ട പരിശോധനയിൽ നിർണായക രേഖകളുള്ള ഹാർഡ് ഡിസ്ക്, സ്വർണം, പണം എന്നിവ കണ്ടെത്തി. മുരാരി ബാബുവിനെതിരെയുള്ള തെളിവുകളും ലഭിച്ചതായാണ് വിവരം. വീടിന്റെ വശത്തായി കടലാസുകൾ കത്തിച്ച നിലയിൽ കണ്ടെത്തിയത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമായിരിക്കാമെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ശബരിമല സ്വർണം മറിച്ചുവിറ്റ് പങ്കിട്ടെടുത്തതായി ഉണ്ണിക്കൃഷ്ണൻ പോറ്റി സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.
വട്ടിപ്പലിശയും ഭൂമിയിടപാടും:
ശബരിമലയിലെ സ്വർണം തട്ടിയെടുത്തതിലൂടെയും സ്പോൺസർഷിപ്പിലൂടെയും പോറ്റി നേടിയ പണം വട്ടിപ്പലിശക്ക് നൽകുകയും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. ബംഗളൂരു ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഭൂമിയിടപാട് നടത്തിയിട്ടുണ്ട്. റെയ്ഡിൽ പണത്തിന് ഈടായി വാങ്ങിയ ആധാരങ്ങളും, നിരവധി പേരുടെ ഭൂമി സ്വന്തം പേരിലാക്കിയതിന്റെ തെളിവുകളും പിടിച്ചെടുത്തു. മൂന്ന് വർഷത്തിനിടെ ഏകദേശം 20 കോടിയലധികം രൂപയുടെ ഭൂമി ഇടപാട് പോറ്റി നടത്തിയിട്ടുണ്ടെന്നും ബന്ധുക്കളുടെ പേരിലും ഭൂമി എഴുതി വാങ്ങിയിട്ടുണ്ടെന്നും ദേവസ്വം വിജിലൻസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
കോടതിയിൽ റിപ്പോർട്ട് നൽകും:
സ്വർണപ്പാളി, കട്ടിള കേസുകളിലായി 18 പ്രതികളാണ് ഉള്ളത്. ഉണ്ണിക്കൃഷ്ണൻ പോറ്റി രണ്ട് കിലോ സ്വർണം കൈക്കലാക്കിയെന്ന അറസ്റ്റ് റിപ്പോർട്ട് എസ്.ഐ.ടി. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിന്റെ തുടർവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ബുധനാഴ്ച ഹൈക്കോടതിയിൽ നൽകും.











